ന്യൂഡൽഹി: വിമാനം വൈകിയതിനെത്തുടർന്ന് യാത്രക്കാർ റൺവേയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോ പുറത്തു വന്നതിനു പിന്നാലെ ഇൻഡിഗോ എയർലൈൻസിന് 1.2 കോടി രൂപ പിഴയിട്ട് ബ്യൂറോ ഒഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി( ബിസിഎഎസ്). യാത്രക്കാർ റൺവേയിൽ ഇരുന്നു ഭക്ഷണം കഴിച്ചതുൾപ്പെടെ 5 കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പിഴ വിധിച്ചിരിക്കുന്നത്. ഇതിനു പുറമേ വ്യോമയാന മന്ത്രാലയം ഇൻഡിഗോ എയർലൈൻസിനും മുംബൈ വിമാനത്താവളത്തിനും കാരണം കാണിക്കൽ നോട്ടീസും അയച്ചിട്ടുണ്ട്. ഡൽഹിയിൽ നിന്ന് ഗോവയിലേക്കുള്ള ഫ്ലൈറ്റാണ് 12 മണിക്കൂറോളം വൈകിയത്.
ഡൽഹിയിലെ കനത്ത മൂടൽ മഞ്ഞാണ് വിമാനം വൈകാൻ കാരണമായത്. ഏറെ വൈകി വിമാനം യാത്ര ആരംഭിച്ചെങ്കിലും വീണ്ടും മുംബൈ വിമാനത്താവളത്തിൽ ഇറക്കിയതോടെയാണ് യാത്രക്കാർ അക്ഷമരായി പുറത്തേക്ക് ഇറങ്ങിയത്. ഈ ദൃശ്യങ്ങൾ വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. രണ്ടു തവണ സുരക്ഷാ ലംഘനം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി 50ലക്ഷം രൂപ വീത ഒരു കോടി രൂപയും സുരക്ഷാ ലംഘനം റിപ്പോർട്ട് ചെയ്യാതിരുന്നതിനായി 5 ലക്ഷം രൂപ വീതം 10 ലക്ഷം രൂപയും സാഹചര്യം ശരിയായ രീതിയിൽ കൈകാര്യം ചെയ്യാതിരുന്നതിനാൽ 10 ലക്ഷം രൂപയുമാണ് ബിസിഎസ് പിഴ ചുമത്തിയിരിക്കുന്നത്.
അതിനു പുറമേ മുംബൈ ഇന്‍റർനാഷണൽ വിമാനത്താവത്തിനു 60 ലക്ഷം രൂപയും ബിസിഎസ് പിഴയിട്ടിട്ടുണ്ട്. ഇതേ സംഭവത്തിൽ വിമാനത്താവളത്തിന് ഡിജിസിഎ 30 ലക്ഷം രൂപയാണ് പിഴയിട്ടിരിക്കുന്നത്. പൈലറ്റുകൾക്ക് ആവശ്യമായി പരിശീലനം നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി
സ്പൈസ് ജെറ്റിനും എയർ ഇന്ത്യക്കും 30 ലക്ഷം രൂപ വീതവും ഡിജിസിഎ പിഴയിട്ടിട്ടുണ്ട്.