'കുടിച്ചു കൂത്താടുന്ന പെറുക്കികള്‍': ജയമോഹന് മറുപടിയുമായി ബി. ഉണ്ണികൃഷ്ണന്‍

''പെറുക്കികള്‍ വെറുക്കപ്പെടേണ്ടവരാണെന്ന് സംശയമേതുമില്ലാതെ പ്രഖ്യാപിക്കുന്ന നിങ്ങള്‍ക്ക്, 'മനുഷ്യപ്പറ്റ്' എന്ന മൂല്യത്തിലേക്ക് എത്താന്‍ പ്രകാശവര്‍ഷങ്ങള്‍ സഞ്ചരിക്കേണ്ടി വരും''
ബി. ഉണ്ണികൃഷ്ണൻ, ജയമോഹൻ.
ബി. ഉണ്ണികൃഷ്ണൻ, ജയമോഹൻ.
Updated on

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയെയും മലയാളികളെയും അധിക്ഷേപിച്ച തമിഴ് എഴുത്തുകാരന്‍ ജയമോഹന് മറുപടിയുമായി സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. 'മഞ്ഞുമ്മല്‍ ബോയ്സി'നെ കുറിച്ചെഴുതിയ വെറുപ്പിന്‍റെ വെളിപാട് ഒരു ദയയും അര്‍ഹിക്കുന്നില്ലന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. 'സിനിമയിലെ കഥാപാത്രങ്ങളെ 'കുടിച്ചു കുത്താടുന്ന പെറുക്കികള്‍' എന്നാണല്ലോ നിങ്ങള്‍ വിശേഷിപ്പിച്ചത്. പെറുക്കികള്‍ വെറുക്കപ്പെടേണ്ടവരാണെന്ന് സംശയമേതുമില്ലാതെ പ്രഖ്യാപിക്കുന്ന നിങ്ങള്‍ക്ക്, 'മനുഷ്യപ്പറ്റ്' എന്ന മൂല്യത്തിലേക്ക് എത്താന്‍ പ്രകാശവര്‍ഷങ്ങള്‍ സഞ്ചരിക്കേണ്ടി വരും', ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

മലയാള സിനിമയുടെ കേന്ദ്രബിന്ദു മയക്കുമരുന്നിന് അടിമകളായ എറണാകുളത്തെ ചെറുപ്പക്കാരാണെന്ന ജയമോഹന്‍റെ പരാമര്‍ശത്തിന് വസ്തുതകള്‍ വെളിപ്പെടുത്തി വിശദീകരിക്കണമെന്ന് ബി. ഉണ്ണികൃഷ്ണന്‍ ആവശ്യപ്പെട്ടു. ചുമ്മാ ഒരു ചാമ്പ് ചാമ്പിയങ്ങ് പോവാന്‍ പറ്റില്ല ജയമോഹന്‍, എന്ന് താക്കീതിന്‍റെ ഭാഷയില്‍ മറുപടി കൊടുത്ത ഉണ്ണികൃഷ്ണന്‍, എറണാകുളത്ത് ഞങ്ങളുടെ ചെറുപ്പക്കാര്‍ ഗംഭീര സിനിമകളുണ്ടാക്കുന്ന മിടുമിടുക്കന്മാരാണെന്നും അവരുടെ ലഹരി, സൗഹൃദവും സിനിമയുമാണെന്നും കൂട്ടിച്ചേര്‍ത്തു.

സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ തുടരുന്നു:

''പുറമ്പോക്കുകളില്‍ ജീവിക്കുന്ന കുട്ടനും കൂട്ടുകാരും ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ പ്രതിനിധാനങ്ങളാണ്. ഒരു കയറിന്‍റെ രണ്ടറ്റങ്ങളില്‍ അവരുടെ ശരീരങ്ങള്‍ കെട്ടിയിട്ടപ്പോള്‍, അവരുടെ പെറുക്കിത്തരത്തിന്‍റെ നിസ്സാരതകളില്‍ കാലൂന്നി നിന്നു കൊണ്ട് തന്നെ, അവര്‍ സ്നേഹത്തിന്‍റെ, സഹനത്തിന്‍റെ അതിരുകളില്ലാത്ത ആകാശങ്ങളിലേക്ക് വളരുകയായിരുന്നു. ഈ ചെറുപ്പക്കാര്‍ക്കു മുമ്പില്‍, സ്വാര്‍ത്ഥപുറ്റുകള്‍ക്കുള്ളിള്‍ സംതൃപ്ത ജീവിതം നയിക്കുന്ന നമ്മള്‍ ലജ്ജിച്ച് തലതാഴ്ത്തേണ്ടവരാണ്. കല ഇങ്ങനെയൊക്കെയാണ് നമ്മളെ ശുദ്ധീകരിക്കുന്നത്.''

മദ്യപിക്കുന്നതും പൊട്ടിച്ചിരിക്കുന്നതും കെട്ടിപ്പിടിക്കുന്നതും നൃത്തം വയ്ക്കുന്നതും തല്ലു പിടിക്കുന്നതും നിങ്ങളെ ഭ്രാന്തുപിടിപ്പിക്കുന്നുണ്ടെങ്കില്‍, ജയമോഹന്‍ നിങ്ങള്‍ക്ക് നിങ്ങളെ നഷ്ടമായിരിക്കുന്നു- ഉണ്ണികൃഷ്ണന്‍ കുറിച്ചു.

മറ്റ് ഭാഷകളിലെ സിനിമകളേയും ചലച്ചിത്രകാരന്മാരെയും ആദരവോടെ കാണുന്നതാണ് മലയാള സിനിമയുടെ സംസ്കാരം. 'ഗുണ' എന്ന സിനിമയ്ക്കും, കമലഹാസനും, ഇളയരാജയ്ക്കും ചിദംബരം എന്ന യുവാവും അയാളുടെ സുഹൃത്തുക്കളും നല്‍കിയ ട്രിബ്യൂട്ട് പോലും, കണ്ണിലെ വെറുപ്പിന്‍റെ ഇരുട്ടില്‍ തെളിഞ്ഞു കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലയാള സിനിമയിലെ ന്യൂജെനറേഷനെ ചേര്‍ത്തുപിടിച്ചു കൊണ്ടാണ് ഫെഫ്ക ജനറല്‍ സെക്രട്ടറി കൂടിയായ ബി. ഉണ്ണികൃഷ്ണന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്. മലയാള സിനിമയുടെ മറുപടി, മലയാളികള്‍ പറയാന്‍ ആഗ്രഹിച്ചത് എന്നെല്ലാമുള്ള കമന്‍റുകളിലൂടെ ഒട്ടേറെപ്പേര്‍ പോസ്റ്റിനെ പിന്തുണച്ച് രംഗത്തെത്തുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് 'കുടിച്ചു കൂത്താടുന്ന പെറുക്കികള്‍' (കുടികാര പൊറുക്കികളിന്‍ കൂത്താട്ടം) എന്ന് തലക്കെട്ടില്‍ മഞ്ഞുമ്മല്‍ ബോയ്സിനെയും മലയാളികളെയും ആക്ഷേപിച്ച് ജയമോഹന്‍ ബ്ലോഗില്‍ കുറിച്ചത്. സാധാരണക്കാരെ കുറിച്ചുള്ള കഥ എന്ന പേരില്‍ 'പൊറുക്കികളെ' സാമാന്യവല്‍ക്കരിക്കുകയാണെന്ന് ജയമോഹന്‍ വിമര്‍ശിച്ചു. മദ്യപാനവും വ്യഭിചാരവും പ്രോത്സാഹിപ്പിക്കുന്ന സിനിമകള്‍ ചെയ്യുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കണമെന്നുമൊക്കെ ആയിരുന്നു ജയമോഹന്‍ ആവശ്യം. തുടക്കത്തില്‍ സിനിമയെ വിമര്‍ശിച്ചും പിന്നീട് മലയാളികളെ തന്നെ അധിക്ഷേപിച്ചുമാണ് ജയമോഹന്‍റെ ബ്ലോഗ്.

Trending

No stories found.

Latest News

No stories found.