ഓരോ ദിവസവും വ്യത്യസ്തവും പുതുമയുമുള്ള എത്രയോ വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഭൂമിയുടെ ഏത് കോണിൽ നിന്നുള്ള വാർത്തകളാണെങ്കിലും നമ്മൾ അറിയാറുണ്ട്. ഇത്തരത്തിൽ ജർമനിയിൽ നിന്നുള്ള ഒരു വികാരിയുടെ കൂർബാനയാണ് ഇപ്പോൾ വൈറലാവുന്നത്.
നീലയും വെള്ളയും വരകളുള്ള തൊപ്പിയും, വയലറ്റ് കൂളിംഗ് ഗ്ലാസുകളും, കട്ടിയുള്ള സ്വർണ്ണ ചെയിനും, ഒപ്പം പുരോഹിതവേഷവും ധരിച്ച് റാപ്പ് താളത്തിലാണ് അച്ചന്‍റെ കുർബാന ചൊല്ലൽ. ബവേറിയയിലെ അണ്ടർഫ്രാങ്കനിലുള്ള ഹാമൽബർഗ് കത്തോലിക്കാ ഇടവകയിലെ തോമസ് എഷെൻബാ എന്ന വികാരിയുടെ കുർബാനയാണ് ഇപ്പോഴത്തെ ചർച്ചാവിഷയം.
ഇത്ര "കൂൾ" ആയി റാപ്പ് താളത്തിൽ കുർബാന ചൊല്ലുന്നുണ്ടെങ്കിലും, അച്ചന്‍ റാപ്പ് സംഗീതമൊന്നും കേൾക്കാറില്ലെന്നാണ് വ്യക്തമാക്കുന്നത്. ട്വിറ്ററിൽ പങ്കുവച്ച വീഡിയോ ഇതിനോടകം 1.5 ദശലക്ഷം ആളുകൾ കണ്ടുവെങ്കിലും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
ലാറ്റിൻ കുർബാനയ്‌ക്കുള്ള നിയന്ത്രണങ്ങൾ തുടരുന്നതിനിടെ ജർമ്മൻ പുരോഹിതൻ അൾത്താരയിൽ നിന്ന് റാപ്പ് ചെയ്യുന്നു എന്ന് കുറിച്ചുകൊണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഫാദർ കൂളാണ് എന്ന് ഒരു വിഭാഗം പ്രശംസിച്ചപ്പോൾ വിശ്വാസത്തെ കളിയാക്കുന്ന പ്രവണതയാണെന്ന് മറ്റൊരു വിഭാഗം കുറ്റപ്പെടുത്തുന്നു.