ഉത്തര്‍പ്രദേശിൽ നിന്നുള്ള ഒരു വിവാഹാഘോഷ വീഡിയോ വൈറലാകുന്നു. ഇതിനുള്ള കാരണം എന്നാൽ തികച്ചും വ്യത്യസ്തമായ കാരണത്താൽ...വിവാഹത്തിനായി എത്തിയ അതിഥികളുടെ മുകളിലേക്ക് വരന്‍റെ കുടുംബം എറിഞ്ഞത് 20 ലക്ഷം രൂപ...!!
സംഭവം ഉത്തര്‍പ്രദേശിലെ സിദ്ധാർത്ഥ് നഗറിലെ ഒരു വിവാഹ ചടങ്ങായിരുന്നു. ഒരു കൂട്ടം ആളുകള്‍ ഒരു കെട്ടിടത്തിന്‍റെ മുകളിലും ജെസിബിയുടെ മുകളിലും കയറിയും നിന്ന് അതിഥികളുടെ നേരെ 100, 200, 500 രൂപകളുടെ നോട്ടുകള്‍ വലിച്ചെറിയുന്നതാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. ഇത്തരത്തില്‍ ഏതാണ്ട് 20 ലക്ഷം രൂപയോളം വലിച്ചെറിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
വളരെ പെട്ടെന്നാണ് സമൂഹ മാധ്യമങ്ങളില്‍ വീഡിയോ വൈറലായത്. സിദ്ധാർത്ഥ് നഗറിലെ ദേവൽഹാവ ഗ്രാമത്തിൽ നിന്നുള്ള അഫ്സാലിന്‍റെയും അർമാന്‍റെയും വിവാഹത്തിൽ നിന്നുള്ള രംഗങ്ങളായിരുന്നു ഇതെന്ന് സോഷ്യൽ മീഡിയയിലെ കുറിപ്പുകള്‍ പറയുന്നു. ആകാശത്ത് നോട്ടുകള്‍ പാറിനടക്കുന്നതും ആളുകൾ ഈ പണം ശേഖരിക്കാനായി ബഹളം കൂട്ടുന്നതും ദൃശ്യങ്ങളിൽ കാണാം. വീഡിയോ വൈറലായതിന് പിന്നാലെ ആളുകൾ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി.
'സാക്ഷരരെങ്കിലും വിദ്യാഭ്യാസമില്ലാത്തവര്‍', 'നികുതി ഒഴിവാക്കുന്നതിനുള്ള സാധാരണ മാർഗം', 'കുട്ടകൾക്കുള്ള പഠനത്തിനായും ആശുപത്രികൾ പണിയുന്നതിനായും ഇതുപയോഗിക്കാമായിരുന്നു', 'പണത്തിന്‍റെ വില അറിഞ്ഞ ഒരാൾക്കും ഇങ്ങനെ കഴിയില്ല', 'നിരവധി പേര്‍ പട്ടിണിയും പരിവട്ടവുമായി കഴിയുമ്പോള്‍ ആളുകള്‍ക്ക് എങ്ങനെയാണ് ഇത്തരത്തില്‍ പണം എറിഞ്ഞ് കളയാന്‍ തോന്നുന്നത്' എന്നെല്ലാം ആളുകൾ രൂക്ഷമായി പരാമർശിച്ച് വീഡിയോക്കു താഴെ കുറിച്ചു.