മുംബൈ: തടവുകാർക്കായി പുതിയ വിഭവങ്ങൾ ഒരുക്കാനുള്ള പദ്ധതിയുമായി മഹാരാഷ്ട്ര സർക്കാർ. പാനി പൂരി, ഐസ്ക്രീം, തുടങ്ങി നിരവധി വിഭവങ്ങളോടൊപ്പം, ടീഷർട്ട്, ഹെയർ ഡൈ തുടങ്ങിയവയും നൽകും. തടവുകാരുടെ മാനസികാരോഗ്യത്തെക്കരുതിയാണ് സർക്കാർ പുതിയ പദ്ധതി നടപ്പാക്കുന്നത്. വിനോദത്തിനായി ഉൾപ്പെടെ 173 പുതിയ ഇനങ്ങൾ ചേർത്തു.
അച്ചാർ, തേങ്ങ, കാപ്പിപ്പൊടി, മധുരപലഹാരങ്ങൾ, പാനിപ്പൂരി, ഐസ്ക്രീം, പഴങ്ങൾ എന്നിവ അവയിൽ ചിലത് മാത്രം. ഫേസ്‌വാഷുകൾ, ഹെയർ ഡൈകൾ, ബെർമുഡ, പുകയിലയുടെ ആസക്‌തി ഇല്ലാതാക്കാൻ മരുന്നുകൾ തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണങ്ങൾ തടവുകാരുടെ മാനസിക നിലയെ ബാധിക്കുന്നുണ്ടെന്നും അതിനാലാണ് നടപടിയെന്നും എഡിജിപി അമിതാഭ് ഗുപ്ത പറഞ്ഞു.
തടവുകാരുടെ മാനസികാരോഗ്യം നിലനിർത്തുന്നതിന്‍റെ ഭാഗമായാണ് നടപടി. ഭക്ഷണത്തിന്‍റെ കാര്യത്തിലുൾപ്പെടെയുള്ള മാറ്റങ്ങൾ അവരുടെ ആരോഗ്യത്തിന് നല്ലതാണ്. ഈ മാസം ആദ്യം ഉത്തർപ്രദേശിലും സമാനമായ മാറ്റം വരുത്തിയിരുന്നു. തടവുകാർക്ക് മതഗ്രന്ഥങ്ങൾ ഉൾപ്പെടെയുള്ള പുസ്തകങ്ങൾ നൽകുകയും വായനാശീലം പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.