രാജസ്ഥാന്‍: ജയ്പൂരിൽ മുഖംമൂടി ധരിച്ച് കാറിന്‍റെ മുകളിൽ കയറി നോട്ടുകൾ വിതറിയ സംഭവത്തിൽ പ്രതി പിടിയിൽ. ജയ്പൂർ സ്വദേശി അജയ് ശർമയാണ് പൊലീസിന്‍റെ പിടിയിലാവുന്നത്. സോഷ്യല്‍ മീഡിയയില്‍ റീല്‍ വൈറലാകുന്നതിന് വേണ്ടിയാണ് പ്രതി വേറിട്ട പ്രവൃത്തി ചെയ്തതെന്ന് പൊലീസ് പറയുന്നു.
ജയ്പൂരിലെ ഒരു മാളിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടക്കുന്നത്. മുഖംമൂടി ധരിച്ചെത്തിയ ഇയാൾ കാറിന്‍റെ മുകളില്‍ കയറി 20 രൂപയുടെ നൂറില്‍പ്പരം നോട്ടുകളാണ് വിതറിയത്. മണി ഹെയ്സ്റ്റ് വെബ് സീരിസിലെ സമാനമായ സീന്‍ പുനരാവിഷ്‌കരിക്കാന്‍ പ്രതി ശ്രമിക്കുകയായിരുന്നു എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാൽ, നോട്ടുകള്‍ വ്യാജമാണെന്ന് അജയ് ശര്‍മ മൊഴി നല്‍കിയതായും പൊലീസ് പറയുന്നു.
വീഡിയോ വൈറലായതിന് പിന്നാലെയാണ് സംഭവം പൊലീസിന്‍റെ കണ്ണിൽപ്പെടുന്നത്. തുടർന്ന് വാഹനത്തിന്‍റെ രജിസ്‌ട്രേഷന്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിയുകയായിരുന്നു. പിന്നാലെ ഇയാളെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി പൊതുസമാധാനം തകർത്തു, മോട്ടോര്‍ വാഹന നിയമം ലംഘിച്ചു എന്ന വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.