ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ചാറ്റ്ബോട്ടുകൾ അതിന്‍റെ സാധ്യതകളെ വികസിപ്പിച്ചെടുത്തുകൊണ്ടിരിക്കുകയാണ്. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഓപ്പൺ എഐ എന്നിവ അവരുടെ എഐ ചാറ്റ്ബോട്ടുകളിൽ പുതിയ ഫീച്ചറുകൾ സേവനങ്ങളിലേക്കായി അവതരിപ്പിച്ചതോടെ മെറ്റയും ഈ ചൂടേറിയ മത്സരത്തിൽ പങ്കെടുക്കാന്‍ ഒരുങ്ങുകയാണ്. മെസേജിങ് ആപ്പുകളായ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സ്ആപ്പ് എന്നിവയിൽ എഐയുടെ സാധ്യത പ്രയോജനപ്പെടുത്താനാണ് മെറ്റയുടെ ശ്രമം.
ഇതിന്‍റെ ആദ്യ പടി എന്നോണം, വാട്‌സ് ആപ്പിലും ഇനിമുതൽ എഐ ചാറ്റ്‌ബോട്ട് ലഭിക്കും. മെറ്റ എഐ (Meta AI) എന്ന് പേരിട്ടിരിക്കുന്ന ഈ ഫീച്ചര്‍ നിലവില്‍ ബീറ്റ വേർഷനിൽ പരീക്ഷണത്തിലാണുള്ളത്. മെറ്റാ കണക്ട് 2023 ഇവന്‍റില്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗാണ് ഇതിനെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. കമ്പനിയുടെ ബ്ലോഗില്‍ വിശദീകരിക്കുന്നതനുസരിച്ച് മെറ്റയുടെ എഐ മോഡലായ ലാമ 2 (Llama 2) അടിസ്ഥാനമാക്കിയാണ് മെറ്റാ എഐ അസിസ്റ്റന്‍റ് പ്രവര്‍ത്തിക്കുക. ഇതിനായി ഷോര്‍ട്ട് കട്ട് ഓപ്‌ഷനും ആപ്പില്‍ നല്‍കിയിട്ടുണ്ട്.
നിലവില്‍ ചില വാട്‌സ്ആപ്പ് ബീറ്റാ (Beta Whatsapp) ഉപയോക്താക്കള്‍ക്ക് എഐ ചാറ്റ് ഫീച്ചര്‍ ലഭിക്കുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വൈകാതെ തന്നെ ഈ ഫീച്ചർ മറ്റുള്ളവർക്കും ലഭ്യമാകുമെങ്കിലും, എന്നുമുതൽ എന്നകാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഫീച്ചര്‍ വരുന്നതോടെ ഒരു വ്യക്തിയോട് എന്ന പോലെ ഉപയോക്താവിന് മെറ്റ എഐ അസിസ്റ്റന്‍റുമായി സംസാരിക്കാം.
വാട്‌സ് ആപ്പ് അടുത്തിടെയായി നിരവധി ഫീച്ചറുകള്‍ അവതരിപ്പിക്കുന്നുണ്ട്. ക്ലബ് ഹൗസിലെ പോലെ ഗ്രൂപ്പ് വോയിസ് ചാറ്റ് ചെയ്യാനുള്ള അപ്‌ഡേഷന്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു.