നീണ്ട നാളത്തെ പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഇലോണ്‍ മസ്‌കിന്‍റെ ന്യൂറാലിങ്ക് കമ്പനിയുടെ ചിപ്പ് ആദ്യമായി മനുഷ്യന്‍റെ തലച്ചോറില്‍ വിജയകരമായി ഘടിപ്പിച്ചു. ബ്രെയിന്‍-ചിപ്പ് സ്വീകരിച്ചയാള്‍ സുഖം പ്രാപിച്ചുവരുന്നതായും പരീക്ഷണത്തിന്‍റെ ആദ്യഘട്ടം വിജയമാണെന്നും ഇലോണ്‍ മസ്‌ക് തന്നെയാണ് അറിയിച്ചത്.
'പ്രൈം' (PRIME) എന്നു പേരിട്ടിരിക്കുന്ന ഈ പരീക്ഷണത്തിൽ തലയോട്ടിയുടെ ചെറിയൊരു ഭാഗം നീക്കം ചെയ്ത് അതിലൂടെ ചെറിയ കമ്പ്യൂട്ടർ ചിപ്പ് ഘടിപ്പിച്ചാണ് പ്രവർത്തിപ്പിക്കുന്നത്. റോബട്ടിക് സര്‍ജറിയിലൂടെ തലച്ചോറില്‍ സ്ഥാപിക്കുന്ന ചിപ്, നാഡീവ്യൂഹവുമായി ബന്ധപ്പെടുന്നു. ഇവിടെ തലച്ചോറും കമ്പ്യൂട്ടറുമായി ലിങ്ക് ചെയ്യപ്പെടുകയാണ്. കീബോര്‍ഡിലോ കീപാഡിലോ ടൈപ് ചെയ്യാതെ മനുഷ്യന്‍ മനസില്‍ ചിന്തിക്കുന്നതെല്ലാം ബ്ലൂടൂത്ത് ഉപയോഗിച്ചു കണക്ട് ചെയ്ത് കംപ്യൂട്ടറും മൊബൈല്‍ ഫോണിലൂടെയും പകര്‍ത്തിയെടുക്കാന്‍ കഴിയുന്നതാണ് പരീക്ഷണം.
ന്യൂറാലിങ്കിന്‍റെ തുടക്ക ഘട്ടം, ശരീരം തളർന്നു പോയവർക്കും, കാഴ്ചശക്തിയില്ലാത്തവർക്കുമൊക്കെ തുണയാകുമോ എന്നറിയാനുള്ള ശ്രമമാണ് നടക്കുന്നത്. മൃഗങ്ങളിലെ പരീക്ഷണത്തിനു ശേഷം കഴിഞ്ഞവര്‍ഷം മേയിലാണ് മനുഷ്യരില്‍ ചിപ് പരീക്ഷിക്കാന്‍ ഇലോണ്‍ മസ്‌കിന്‍റെ ന്യൂറാലിങ്കിന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ അനുമതി നല്‍കിയത്.
ഹ്യൂമൻ ഇംപ്ലാന്‍റ് സർജറി പ്രഖ്യാപിച്ചപ്പോൾ തന്നെ, തന്‍റെ കമ്പനിയുടെ ഇംപ്ലാന്‍റ് ഉൽപ്പന്നത്തെ 'ടെലിപതി' (TELEPATHY) എന്ന് വിളിക്കുമെന്ന് മസ്‌ക് പറഞ്ഞിരുന്നു. മുടിനാരിനേക്കാൾ നേര്‍ത്ത 64 ചെറുനാരുകളാണ് ചിപ്പിലുള്ളത്. ഇതിലെ 1024 ഇലക്ട്രോഡുകളാണ് വിവരങ്ങള്‍ ഒപ്പിയെടുക്കുന്നത്. വയര്‍ലെസായി ചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയും ഇതിനുണ്ട്. ഈ പ്രവർത്തിയിലൂടെ സ്വന്തം ചിന്തകൾ മാത്രം ഉപയോഗിച്ച് തിരിച്ച് ഒരു കംപ്യൂട്ടർ കേഴ്‌സർ അധവ കീബോഡ് നിയന്ത്രിക്കാനാകുമോ എന്നും പരീക്ഷണത്തിലൂടെ ശ്രമിക്കുന്നുണ്ട്.
ജൂലൈ 2016ൽ കാലിഫോർണിയയിൽ മെഡിക്കൽ ഗവേഷണത്തിനായി രജിസ്റ്റർ ചെയ്തതാണ് ന്യൂറോലിങ്ക് കമ്പനി. ഇതിന്‍റെ ഫണ്ടിങ് മുഴുവൻ മസ്‌കിന്‍റെതാണ്. തുടക്കത്തിൽ ബ്രെയിന്‍ ഇംപ്ലാന്‍റിനായുള്ള ക്ലിനിക്കല്‍ ട്രയലില്‍ കഴുത്തിലെ ക്ഷതം അല്ലെങ്കില്‍ അമിയോട്രോഫിക് ലാറ്ററല്‍ സ്‌ക്ലിറോസിസ് കാരണം തളര്‍വാതം ബാധിച്ച രോഗികളും ഉള്‍പ്പെടാം. അല്‍ഹൈമേഴ്സ്, പാര്‍ക്കിന്‍സണ്‍ രോഗികള്‍ക്കും ചിപ്പ് ഭാവിയില്‍ ഉപകാരപ്പെട്ടേക്കാം.