രാജ്യം പ്രാർഥനയോടെ കാത്തിരുന്ന 17 ദിവസങ്ങളാണ് കടന്നുപോയത്. തുരങ്കത്തിലകപ്പെട്ട 41 തൊഴിലാളികളും സുരക്ഷിതരായി ജീവിതത്തിലേക്കു മടങ്ങിയെത്തുമ്പോൾ ഇന്ത്യയിൽ മാത്രമല്ല, ലോകമെങ്ങും അത് ആശ്വാസത്തിന്‍റെ വാർത്തയാണ്. സമീപകാലത്ത് ലോകം സാക്ഷ്യം വഹിച്ച ഏറ്റവും ദുഷ്കരമായ രക്ഷാദൗത്യങ്ങളിലൊന്നാണ് സിൽക്യാരയിലേത്. എന്നാൽ, ഇത്രതന്നെയോ ഇതിലും കഠിനമോ ആയ രക്ഷാപ്രവർത്തനങ്ങൾക്ക് മുൻപും നാം സാക്ഷ്യം വഹിക്കേണ്ടിവന്നിട്ടുണ്ട്.
സിൽക്യാരയിലെക്കാൾ കഠിനമായ ദൗത്യമായിരുന്നു തായ്‌ലൻഡിലെ താം ലുവാങ് ഗുഹയിൽ കുടുങ്ങിയ ഫുട്ബോൾ ടീം അംഗങ്ങളെ രക്ഷിക്കാൻ വേണ്ടി നടന്നത്. 2018 ജൂൺ 23ന് തായ്‌ലൻഡിലെ ജൂനിയർ അസോസിയേഷന്‍റെ ഫുട്ബോൾ ടീം അംഗങ്ങൾ വടക്കൻ തായ്‌ലൻഡിലെ താംലുവാങ് നങ് നോൺ ഗുഹാസമുച്ചയത്തിലെ ഒരു ഗുഹയിൽ കുടുങ്ങുകയായിരുന്നു.
കനത്ത മഴയും കാറ്റുമുണ്ടായപ്പോൾ രക്ഷയ്ക്കായി ഗുഹയിൽ കയറിയ ടീം അംഗങ്ങളുടെ രക്ഷാകവാടം വെള്ളപ്പൊക്കം മൂലം അടയുകയായിരുന്നു. എട്ടു ദിവസത്തിനുശേഷം ബ്രിട്ടിഷ് നീന്തൽവിദഗ്ധരുടെ സംഘം ഗുഹയ്ക്കുള്ളിൽ പാറയിലിരിക്കുന്ന കോച്ചിനെയും കുട്ടികളെയും കണ്ടെത്തി. 11- 16 വയസുള്ളവരായിരുന്നു ടീമംഗങ്ങൾ. ജൂലൈ 10ന്, അഥവാ രണ്ടാഴ്ചയ്ക്കുശേഷം ദൗത്യ സംഘം കുട്ടികളെ പുറത്തെത്തിച്ചു. കുട്ടികൾക്കും കോച്ചിനും മയങ്ങാനുള്ള മരുന്ന് നൽകിയശേഷം ഇവരെ പുറത്ത് കെട്ടിവച്ച രക്ഷാപ്രവർത്തകർ ഗുഹയിലെ വെള്ളത്തിലൂടെ മുങ്ങാംകുഴിയിട്ടാണ് പുറത്തെത്തിച്ചത്.
10000ലേറെ പേർ ഈ ദൗത്യത്തിൽ പങ്കാളികളായി. വിവിധ രാജ്യങ്ങളിലെ 90 മുങ്ങൽ വിദഗ്ധരാണ് പങ്കെടുത്തത്. തായ് നാവികസേനയിലെ മുങ്ങൽ വിദഗ്ധൻ സമൻ കുനാൻ ദൗത്യത്തിനിടെ അപകടത്തിൽ മരിച്ചത് തീരാവേദനയായി. ഇന്ത്യയിൽ നിന്നു കിർലോസ്കർ കമ്പനി കൂറ്റൻ മോട്ടോർപമ്പുകളുമായെത്തി ഗുഹയിലെ ജലനിരപ്പ് കുറയ്ക്കാനുള്ള ശ്രമത്തിൽ പങ്കാളികളായി.
ഇന്ത്യ കണ്ട ഏറ്റവും വലിയ രക്ഷാപ്രവർത്തനങ്ങളിൽ പ്രമുഖമാണ് 1989ൽ റാണിഗഞ്ചിലെ മഹാബീർ കോലിയേരി കൽക്കരി ഖനിയിൽ നടന്നത്. 65 തൊഴിലാളികളായിരുന്നു ഖനിയിൽ കുടുങ്ങിയത്. അടുത്തകാലത്ത് "മിഷൻ റാണിഗഞ്ച്: ദ ഗ്രേറ്റ് ഭാരത് റെസ്ക്യൂ' എന്ന പേരിൽ അക്ഷയ് കുമാർ നായകനായി ഈ ദൗത്യം വെള്ളിത്തിരയിലെത്തിയിരുന്നു.
1989 നവംബർ 13ന് 232 തൊഴിലാളികളുണ്ടായിരുന്ന ഖനി മിന്നൽ പ്രളയത്തിൽ അകപ്പെട്ടതായിരുന്നു അപകടത്തിനു കാരണം. 161 പേരെ ഉടൻ തന്നെ രക്ഷിച്ചു. 6 പേർ മരിച്ചു. 65 പേരെ പിന്നീട് രക്ഷിച്ചു. മൈനിങ് എൻജിനീയർ ജസ്വന്ത് ഗില്ലിന്‍റെ നവീനമായ ആശയമായിരുന്നു തൊഴിലാളികളെ വീണ്ടും ജീവിതത്തിലേക്ക് എത്തിച്ചത്.
ഏഴടി നീളവും 22 ഇഞ്ച് വ്യാസവുമുള്ള കാപ്സ്യൂൾ (സിലിണ്ടർ സമാനമായ പെട്ടി) ഖനിയിലേക്ക് ഇറക്കി ഓരോരുത്തരെയായി ഇതിൽ പുറത്തെത്തിക്കുന്നതായിരുന്നു ഗില്ലിന്‍റെ മാർഗം. രണ്ടു ദിവസത്തെ തുടർച്ചയായ പരിശ്രമത്തിനൊടുവിൽ എല്ലാവരെയും പുറത്തെത്തിച്ചു. 1991 അന്നത്തെ രാഷ്‌ട്രപതി ആർ. വെങ്കട്ടരാമൻ സർവോത്തം ജീവൻ രക്ഷാ പഥക് നൽകിയാണ് ഗില്ലിനെ ആദരിച്ചത്.
ഹരിയാനയിലെ കുരുക്ഷേത്രയിൽ കുഴൽക്കിണറിൽ കുടുങ്ങിയ അഞ്ചു വയസുകാരൻ പ്രിൻസിനെ പുറത്തെത്തിക്കുമ്പോൾ രാജ്യം മുഴുവൻ ആശ്വസിക്കുകയായിരുന്നു. 2006 ജൂലൈയിലാണ് ഹാൽധെരി ഗ്രാമത്തിൽ 60 അടിയുള്ള കുഴൽക്കിണറിലേക്ക് കുട്ടി വീണത്.
ഇതിനു സമീപത്ത് ഇതേ ആഴമുണ്ടായിരുന്ന മറ്റൊരു കുഴൽക്കിണറിൽ നിന്ന് കുട്ടി കിടക്കുന്ന ഭാഗത്തേക്ക് മൂന്നടി വ്യാസമുള്ള പൈപ്പ് സ്ഥാപിച്ച് രക്ഷാപ്രവർത്തകർ നടത്തിയ നീക്കം വിജയം കാണുകയായിരുന്നു. 50 മണിക്കൂറിനുശേഷം കുട്ടിയെ സുരക്ഷിതനായി പുറത്തെത്തിച്ചു.
ചിലിയിലെ സാൻജോസ് സ്വർണ- ചെമ്പ് ഖനിയിൽ 2010 ഓഗസ്റ്റ് അഞ്ചിനുണ്ടായ അപകടത്തിൽ 33 തൊഴിലാളികളാണ് അകപ്പെട്ടത്. മണ്ണിടിഞ്ഞതോടെ ഇവർ ഖനിയിൽ അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ നിർമിച്ച കൂടാരത്തിലേക്കു കയറുകയായിരുന്നു. ഇതിലാകട്ടെ, വളരെ കുറച്ചു ഭക്ഷണവും വെള്ളവും മാത്രം.
ഭൂനിരപ്പിൽ നിന്ന് 2000 അടി താഴെയായിരുന്നു ഇവർ. ഓഗസ്റ്റ് 22ന് ഇവർക്കടുത്തേക്ക് കുഴൽക്കിണർപോലൊരു ദ്വാരമുണ്ടാക്കാൻ രക്ഷാ സംഘത്തിനായി. ""കൂടാരത്തിൽ ഞങ്ങൾ 33 പേരും സുരക്ഷിതരാണ്'' എന്നെഴുതിയ ഒരു കടലാസ് ഇതിലൂടെ തൊഴിലാളികൾ പുറത്തേക്കു നൽകി.
രക്ഷാസംഘത്തിന് ഇതു നൽകിയ ആവേശം ചെറുതായിരുന്നില്ല. അന്നു തന്നെ തൊഴിലാളികൾക്ക് ഭക്ഷണവും മരുന്നും വെള്ളവുമുൾപ്പെടെ എത്തിച്ചു. പിന്നീട് റാണിഗഞ്ചിലേതിനു സമാനമായി കാപ്സ്യൂൾ ഇറക്കി ഓരോരുത്തരെയായി പുറത്തെത്തിച്ചു. ഒക്റ്റോബർ 13ന്, അഥവാ 69-ാം ദിവസമാണ് വലിയ തുരങ്കം പൂർത്തീകരിച്ച് തൊഴിലാളികളെ രക്ഷിക്കാനായത്.
പെൻസിൽവാനിയയിലെ സോമർസെറ്റ് കൗണ്ടിയിൽ 2002 ജൂലൈ 24നായിരുന്നു അപകടം. ക്യുക്രീക്ക് മൈനിങ് കമ്പനിയുടെ ഖനിയിൽ 240 അടി താഴ്ചയിൽ ഒമ്പതു തൊഴിലാളികളാണ് കുടുങ്ങിയത്. ഉപേക്ഷിച്ച പഴയ ഖനിയിൽ നിന്ന് പുതിയ ഖനിയെ വേർതിരിക്കുകയും വെള്ളം തടഞ്ഞുനിർത്തുകയും ചെയ്തിരുന്ന സംവിധാനം തകരുകയായിരുന്നു.
വെള്ളം ഇരച്ചെത്തിയതോടെ തൊഴിലാളികൾ ജീവനും മരണത്തിനുമിടയിലായി. ഏതു സമയവും മുങ്ങിപ്പോകാമെന്ന അവസ്ഥയിലായിരുന്ന ഇവരെ 77 മണിക്കൂറിനുശേഷം ജൂലൈ 28ന് പുറത്തെത്തിച്ചു. 22 ഇഞ്ച് വ്യാസമുള്ള കൂടുണ്ടാക്കിയായിരുന്നു രക്ഷാപ്രവർത്തനം.