ഐഫോൺ വാങ്ങാൻ പണമില്ല, മകൾക്കു മുന്നിൽ മുട്ടുകുത്തി ക്ഷമ ചോദിച്ച് അച്ഛൻ | Video
'ആവശ്യങ്ങൾക്കായി..' എന്നതു മാറി ഇപ്പോൾ ആഡംബരത്തിനായാണ് ഇന്നു പല ബ്രാൻഡഡ് സാധനങ്ങളും പലരും വാങ്ങുന്നത്. ഒരിക്കലെങ്കിലും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന അത്തരത്തിൽ പലരുടെയും സ്വപ്നങ്ങളിലുള്ള ഒന്നാണ് ഐഫോൺ. ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള വസ്തു എന്നതിലുപരി, ഒരു സ്റ്റാറ്റസ് സിംബലായി മാറിക്കഴിഞ്ഞു ഐഫോണുകൾ. ഇതേ ഐഫോണുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചൈനീസ് മാധ്യമങ്ങളിൽ നിറഞ്ഞ ഒരു വാർത്തയാണ് ഇപ്പോൾ ഇവിടെയും ചർച്ചയാവുകയാണ്. ഒരച്ഛൻ തന്‍റെ മകൾക്ക് ഐഫോൺ വാങ്ങിക്കൊടുക്കാൻ പണമില്ലാത്തതിനാൽ അവൾക്കു മുൻപിൽ മുട്ടുകുത്തി നിന്ന് മാപ്പു ചോദിച്ചതാണ് ആ വാർത്ത.
റിപ്പോർട്ടുകൾ പ്രകാരം, മേയ് 4 ന് തായുവാൻ എന്ന സ്ഥലത്താണ് സംഭവം. ഒരു വഴിയാത്രക്കാരനാണ് 6 സെക്കന്‍ഡുകൾ മാത്രമുള്ള സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത്. ദൃശ്യങ്ങളിൽ ഒരു റോഡ് സൈഡിൽ വച്ച് 11 വയസുള്ള പെൺകുട്ടി തനിക്ക് ഐഫോൺ വാങ്ങാൻ കഴിയാത്തതിന് പിതാവിനോട് ദേഷ്യപ്പെടുകയും ബഹളം വയ്ക്കുകയും, ഒടുവിൽ തന്‍റെ മകളെ അനുനയിപ്പിക്കാൻ മറ്റു വഴിയൊന്നും കാണാതെ വന്നപ്പോൾ ആ അച്ഛൻ അവൾക്കു മുൻപിൽ മുട്ടുകുത്തി ക്ഷമാപണം നടത്തുകയുമാണ് ചെയ്യുന്നത്.
മറ്റു മാതാപിതാക്കൾ അവരുടെ കുട്ടികൾക്ക് ഐഫോൺ വാങ്ങി നൽകുന്നുണ്ടല്ലോ പിന്നെ എന്തുകൊണ്ടാണ് അച്ഛന്‍റെ കൈയിൽ മാത്രം പണമില്ലാത്തത് എന്ന് പെൺകുട്ടി കയർക്കുന്നുണ്ട്. എന്നിരുന്നാലും, തന്‍റെ അച്ഛന്‍റെ ഈ അപ്രതീക്ഷിത പ്രവൃത്തി പെൺകുട്ടിയെ അമ്പരപ്പിക്കുകയും ലജ്ജ തോന്നിയ പെൺകുട്ടി ഉടൻതന്നെ പിതാവിനോട് എഴുന്നേൽക്കാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം എന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
വളരെ വേഗത്തിലാണ് വിവിധ ചൈനീസ് സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറലായത്. സോങ് എന്നയാളാണ് വീഡിയോ ചിത്രീകരിച്ച് ചൈനീസ് സോഷ്യൽ മീഡിയ ആപ്പിൽ (Xiaohongshu) പങ്കുവെച്ചത്. ആ പെൺകുട്ടിയോട് തനിക്ക് ദേഷ്യവും പിതാവിനോട് സഹതാപവും തോന്നി എന്നും അദ്ദേഹം കുറിച്ചു. നിരവധി നെറ്റിസൺസും തങ്ങളുടെ അഭിപ്രായം പങ്കുവെച്ചുകൊണ്ട് വീഡിയോക്കു താഴെ എത്തി. ഭാവിയിൽ പെൺകുട്ടിക്ക് തന്‍റെ തെറ്റ് മനസിലാക്കട്ടെയെന്നും, ആ മനുഷ്യനോട് സഹതാപം തോന്നുന്നു, ഇത്തരം കുട്ടികൾ ഭാവിയിൽ കൂടുതൽ അഹങ്കാരികളാകുമെന്നും മറ്റു ചിലർ വിധിയെഴുതുന്നു.